വങ്കദേശത്തെ ഗൗളി - (ചെറുകഥ)

വങ്കദേശത്തെ ഗൗളി - (ചെറുകഥ)
Sep 3, 2024 11:31 PM | By PointViews Editr


തിരിയനും ഗൗളിയും

(ചെറുകഥ)


വങ്കദേശത്ത് മൂക്കു തുളയ്ക്കുന്ന നാറ്റം തുടർച്ചയായി അനുഭവപ്പെട്ടപ്പോൾ മലമുകളിലെ കുടിലിലിരുന്ന് തിരിയൻ വിലപിച്ചു. വികടവിജൃംഭിത തുക്കടാ രാജാവേ.. ദേശത്തിനെന്ത് പറ്റി? വങ്കൻമാർ നിറഞ്ഞ ദേശമായിരുന്നിട്ടും ഈ നാറ്റം ഇത്ര കഠിനമായതെന്തേ? ഇവിടം ഒരു ഹരിതകാവി ദേശമാകുകയാണല്ലോ.. ശവാസനത്തിൽ കിടക്കുമ്പോൾ പോലും ആസനം പുകയുകയാണല്ലോ... നാലഞ്ച് വർഷമായല്ലോ ദുരന്തങ്ങൾ തുടങ്ങിയിട്ട്.... എന്താ രക്ഷ? അപ്പുറത്തെ മാളത്തിലിരുന്നീ വിലാപം കേട്ട ഗൗളി പലകയെടുത്ത് വച്ച് കവിടി നിരത്തി തുടങ്ങി. പിന്നെ പ്രവചനം തുടങ്ങി - പ്രത്യക്ഷത്തിൽ രണ്ട് കഷണമായി മാറിയ വിപ്ലവസേന ഇനി സ്വയം പൊട്ടിത്തെറിക്കാൻ മുഹൂർത്തം കാത്തിരിപ്പാണ്. ഇനി എത്ര വൈകും എന്ന് മാത്രമേ അറിയാനുള്ളൂ. വിഷയം സേനയുടെ പ്രത്യയശാസ്ത്രമോ ദേശീയ പാരമ്പര്യ കക്ഷികളോടുള്ള വിരോധമോ വിപ്ലവമോ ഒന്നുമല്ല. തീർത്തും സമുദായ വിഭാഗീയതയിലൂടെയാണ് വിപ്ലവ ഇപ്പോൾ പ്രതിസന്ധിയിലായത്. ഭരണത്തിൻ്റെ എല്ലാ മേഖലയിലും ഒരു സമുദായം പിടിമുറുക്കാൻ ശ്രമിച്ചപ്പോൾ സ്വയം പ്രതിരോധിച്ചും മത്സരിച്ചും ഒപ്പമോടിയും തളർന്നും കിതച്ചും മറ്റൊരു സമുദായം നിലനിൽപ്പിനായി പോരാടുകയായിരുന്നു. ഈ കിതയ്ക്കുന്ന സമുദായമായിരുന്നു കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടിലധികമായി സേനയുടെ വിശ്വാസസംഹിതയേയും സേനയേയും ചോര കൊടുത്തും നീര് കൊടുത്തും ജീവൻ കൊടുത്തും വളർത്തിയതും പിടിച്ചു നിർത്തിയതും. വിപ്ളവസേനയുടെ രക്തസാക്ഷി പട്ടികയിലുള്ളവരിൽ 90 ശതമാനവും ആ സമുദായത്തിൽ പെട്ടവരാണ്. പ്രത്യയശാസ്ത്ര പ്രതികാര സേനയിൽ ഉൾപെട്ട് പ്രതിരോധിക്കുകയും പിടിയിലായി ജയിലിൽ കിടക്കുകയും ചെയ്ത സമുദായവും അവരുടേതാണ്. പക്ഷെ കഴിഞ്ഞ 15 വർഷത്തിനുള്ളിൽ വിപ്ലവ യിൽ കടന്നു കൂടുകയും അതിൻ്റെ ചോരയും നീരും ഊറ്റിയെടുത്ത് പടിപടിയായി സേന വിഴുങ്ങാൻ ശ്രമിക്കുകയും ചെയ്ത ഒരു വിഭാഗം ഒടുവിൽ ഭരണം നിയന്ത്രിക്കുന്നിടത്തേക്കും കപ്പിത്താൻ്റെ അരമനയിലേക്കും കയറി കൂടി പിടിമുറുക്കുന്നത് കണ്ടപ്പോൾ തകർന്നു പോയവരുടെ തിരിച്ചടിയാണ് ഇപ്പോൾ നടക്കുന്നത്. തിരിച്ചടിച്ചത് ആരും അധികമറിഞ്ഞില്ല. കഴുത്തിന് പിടിക്കുകയാണ് ചെയ്തത്. സഹസൈന്യാധിപൻ അപമാനിതനായി പുറത്തു പോകുകയോ ആധികാരിക ഉപദേഷ്ടാവ് പുറത്താക്കപ്പെടുകയോ ചെയ്യുന്ന പക്ഷം വിപ്ലവ സേനയിൽ നിന്ന് ഒരുവിഭാഗം ധർമസേന ലേക്കോ സനാതന സേനയിലേക്കോ ചേക്കേറും. രഹസ്യമായി പലരും ചേക്കേറിക്കഴിഞ്ഞു. നിശബ്ദ അനുയായികൾ അടങ്ങുന്ന മറ്റൊരു മിതവാദി വിഭാഗം ദേശീയ സ്വാതന്ത്ര്യ സേനയിലേക്ക് ഒഴുകി തുടങ്ങിയിട്ടുണ്ട്.. പ്രത്യക്ഷത്തിൽ ദൃശ്യം വ്യക്തമായി വരികയാണ്. പൊട്ടിത്തെറി ഉണ്ടായാൽ യശ്മാൻ രാജി വച്ച് കോട്ടയും കപ്പലും കടലും ഉപേക്ഷിച്ച് മറുകരയിൽ ചേക്കേറും. വൈദ്യനെ കണ്ട് ചികിത്സയായിരിക്കും പോക്കിന് കാരണമെന്ന് പറയാനുള്ള ന്യായം. അതിന് മുൻപ് പരമാവധി സമ്പാദിച്ച് അന്യദേശത്തെ ഗുഹകളിലേക്ക് കൂട്ടി വയ്ക്കുന്ന തിരക്കിലാണ്. യശ്മാൻ്റെ സാമ്പത്തിക സൂക്ഷിപ്പുകാരൻ പുറത്തായി കഴിഞ്ഞു. വിപ്ലവസേനയുടെ .പോരാളിയെ ഒതുക്കി ദീന സേവനത്തിനായി പറഞ്ഞു വിട്ടിട്ട് നാളേറെയായി. ശൂല പിടിച്ച ഒരു നിർവ്വാഹക സഭയുമായാണ് യശ് മാൻ്റെ നടപ്പ്. മുഖ്യ അസഭ്യ ഉച്ചഭാഷിണി മയക്കത്തിലാണ്. രോഗകാല പരിചാരികയമ്മ നാണംകെട്ട് മൂലയ്ക്കാണ്. കൊന്തയിട്ടവരും കുറി തൊട്ടവരും നിർവ്വാഹക സഭയേയും വിപ്ലവസേനയേയും യശ്മാനേയും പണ്ടേ തള്ളി. വിപ്ലവസേനയിൽ വളരാൻ സാധ്യതയുള്ളവരെയെല്ലാം നശിപ്പിച്ചാണ് യശ്മാൻ ആയത്. രഹസ്യങ്ങൾ അറിയാവുന്നവരെയും എതിർക്കുമെന്ന് തോന്നുന്നവരേയും പെണ്ണ് കേസിൽ കുടുക്കി അവഹേളിച്ച് വളർന്ന യശ്മാന് ചുറ്റും മദാലസകൾ ഈന്തപ്പഴവും സ്വർണ്ണ ബിസ്കറ്റും ബിരിയാണി ചെമ്പുമായി ഓടി നടന്നു. യശ്മാൻ വിപ്ലവസേനയുടെ പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് വെള്ള വേഷം ധരിക്കാനും മീശ ഒഴിവാക്കാനും തീരുമാനിച്ചിരുന്നതാണ്. യശ്മാനായാൽ ഭരണത്തിൻ്റെ കപ്പിത്താനെന്ന നിലയിൽ കപ്പൽ ആയിരത്തൊന്ന് രാവുകൾ പോലെയുള്ള കടലിലേക്ക് കൊണ്ടുപോകാമെന്ന് ഉറപ്പുകൊടുത്താണ് അധികാരത്തിന് വേണ്ടിയുള്ള പരക്കംപാച്ചിൽ തുടങ്ങിയത്. ബൂർഷ്യ സായിപ്പിനെ പറ്റിച്ച് 100 കോടി അടിച്ചുമാറ്റി ആ പണത്തിൻ്റെ പേരിൽ വിപ്ലവസേനയെ സമ്പന്നരാക്കി പിടിച്ചെടുത്ത് സ്വയം ശയ്മാനായി പ്രഖ്യാപിച്ച് വളർന്ന് അധികാരത്തിലെത്തിയ ധീരൻ എന്നാണ് അണികളും എതിരാളികളും കരുതുന്നത്. പക്ഷെ യശ്മാൻ എന്തും വിഴുങ്ങുന്ന തമോഗർത്തമാണെന്ന് ജനം തിരിച്ചറിയാതിരിക്കാൻ പല തരം ഉഡായിപ്പ് പ്രചാരണ മുദ്രാവാക്യങ്ങളും വിളമ്പും. നാടാകെ ഘോഷയാത്രകൾ സംഘടിപ്പിക്കും. സേനയിലെ സാധാരണ ഭടൻമാരേയും അവരുടെ ഭാര്യമാരേയും പെൺമക്കളേയും കൂട്ടമായി തെളിച്ച് എഴുന്നള്ളത്ത് വീധിയുടെ ഇരുവശത്തും നിർത്തി കൈവീശിപ്പിക്കും. അവരിൽ കുറച്ചു പേർക്ക് നന്ദി പറഞ്ഞു കൊണ്ടേയിരിക്കാൻ വേണ്ടി നാട്ടുസഭകൾക്ക് കീഴിൽ വേസ്റ്റ് പെറുക്കൽ, അച്ചാർ ഉണ്ടാക്കൽ, അടുക്കളപ്പുറത്ത് പയറ് നടീൽ എന്നൊക്കെപ്പറഞ്ഞ് നക്കാപ്പിച്ച എറിഞ്ഞു കൊടുക്കും. എന്നിട്ട് അപ്പുറത്ത് മാറിയിരുന്ന് വിദേശത്തെ സമ്പന്നർക്ക് വിരുന്നു കൊടുത്തും സ്വപ്നങ്ങൾ തൂക്കിക്കൊടുത്തും കോടികൾ കമ്മീഷനടിക്കും. ചിലവൊക്കെ നാട്ടുരാജ്യത്തിൻ്റെ ഉണങ്ങിയ ഖജനാവിൽ നിന്നും.

തിരിയൻ ചോദിച്ചു: ഇനിയെത്ര നാൾ?

ഗൗളി: ഏത് നിമിഷവും.

തിരിയൻ: എന്താ ലക്ഷണം?

ഗൗളി ഒരു നിമിഷം ആലോചിച്ചു. മൂക്കോളം നാറ്റത്തിൽ മുങ്ങിയ നാണംകെട്ടവൻ ആസനത്തിൽ കിളിർത്ത ആലിനെ വളർത്തി മരമാക്കി വേരിറക്കി പടർന്നു പന്തലിച്ചു നിൽക്കുമ്പോൾ ഒരു കാറ്റ് വരും. വീഴും. അത്രന്നെ....



/ വിശ്വനാഥൻ /

Gowli in Vankadesam - (Short Story)

Related Stories
Top Stories